കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

ദൈവഗ്രഹത്തിൽ ന്യായാവിധിയുടെ സമയമായി

ജേക്കബ് തോമസ്സ്‌ മുളന്തുരുത്തി

യോനയുടെ ജീവിതത്തിലെ ചില ചിന്തകളാണല്ലോ ഈ കഴിഞ്ഞ രണ്ടുമൂന്ന് ദിവസങ്ങളിൽ നാം ചിന്തിച്ചുകൊണ്ടിരിക്കുന്നത്. ഒരു ക്രിസ്തുവിശ്വാസി തന്റെ പ്രവാസകാലം എങ്ങിനെ കഴിക്കണം എന്നതാണ് വിഷയം. എന്തുകൊണ്ട് നാം ഈ നിലയിൽ ആയിത്തീർന്നു? ഈ ചോദ്യത്തിന്റെ മറുപടിയായി ദൈവവചനത്തിൽ നിന്ന് ചില ന്യായങ്ങൾ നമുക്ക് കണ്ടെത്താം.
(1) 1 പത്രൊസ് 4 ന്റെ 17 “ന്യായവിധി ദൈവഗൃഹത്തിൽ ആരംഭിപ്പാൻ സമയമായല്ലോ. അതു നമ്മിൽ തുടങ്ങിയാൽ ദൈവത്തിന്റെ സുവിശേഷം അനുസരിക്കാത്തവരുടെ അവസാനം എന്താകും?. അതുകൊണ്ടാണ് ഇന്നത്തെ നിലയിൽ ആത്മീക ചൈയ്‌തന്യം നഷ്ടപ്പെട്ടവരായി പേരിന് മാത്രം വേർപാടുകാർ എന്ന പേരിൽ അറിയപ്പെടുന്നത്. ബഹുമാന്യനായ M. E ചെറിയാൻ സാറിന്റെ ഒരു ലേഖനത്തിൽ ഞാൻ വായിച്ചത് ഓർക്കുന്നു. നാം ഇന്ന് വേർപാടുകാരാണോ അതോ വേർപെട്ടവരണോ എന്ന്. നാമും ഇന്ന് ചിന്തിക്കുക നാം ഇന്ന് വേർപെട്ടവരോ, അതോ വേർപെട്ടുപോയവരോ?

എന്തുകൊണ്ട് ന്യായവിധി ദൈവഗ്രഹത്തിൽ വരുന്നു, ഏതാണ് ഈ പറയുന്ന ദൈവഗ്രഹം ?. 1കൊരിന്ത്യർ 3 ന്റെ 9 ൽ “ഞങ്ങൾ ദൈവത്തിന്റെ കൂട്ടുവേലക്കാർ; നിങ്ങൾ ദൈവത്തിന്റെ കൃഷി, ദൈവത്തിന്റെ ഗൃഹനിർമ്മാണം”. പൗലോസിന്റെയും, പത്രോസിന്റെയും തുടർന്നുള്ള ലേഖനങ്ങളിൽ ദൈവത്തിന്റെ ഗൃഹനിർമ്മാണം എങ്ങിനെയെന്ന് രേഖപ്പെടുത്തിയിരിക്കുന്നതും ഒന്ന് പരിശോധിക്കാം.

1പത്രൊസ് 2 ന്റെ 5 “നിങ്ങളും ജീവനുള്ള കല്ലുകൾ എന്നപോലെ ആത്മികഗൃഹമായി യേശുക്രിസ്തുമുഖാന്തരം ദൈവത്തിന്നു പ്രസാദമുള്ള ആത്മികയാഗം കഴിപ്പാന്തക്ക വിശുദ്ധപുരോഹിതവർഗ്ഗമാകേണ്ടതിന്നു പണിയപ്പെടുന്നു”.

എഫെസ്യർ 2 ന്റെ 19 “ആകയാൽ നിങ്ങൾ ഇനി അന്യന്മാരും പരദേശികളുമല്ല വിശുദ്ധന്മാരുടെ സഹപൗരന്മാരും ദൈവത്തിന്റെ ഭവനക്കാരുമത്രേ”.

എബ്രായർ 3 ന്റെ 6 ൽ “ക്രിസ്തുവോ അവന്റെ ഭവനത്തിന്നു അധികാരിയായ പുത്രനായിട്ടു തന്നേ; പ്രത്യാശയുടെ ധൈര്യവും പ്രശംസയും നാം അവസാനത്തോളം മുറുകെപ്പിടിച്ചുകൊണ്ടാൽ നാം തന്നേ അവന്റെ ഭവനം ആകുന്നു”.

രണ്ടോ മൂന്നോ സാക്ഷികളുടെ പ്രമാണത്തിൽ ഏത് കാര്യവും ഉറപ്പാക്കാം എന്ന പ്രമാണത്തിൽ ഇവിടെ പറയുന്ന ദൈവഗ്രഹം ദൈവസഭയാണ്, ദൈവമക്കൾ കൂടുന്ന കൂട്ടമാണ് എന്ന് ഉറപ്പ് വരുന്നില്ലേ ?.

1തിമൊഥെയൊസ് 3 ന്റെ 15 ൽ നാം ഇപ്രകാരം വായിക്കുന്നു “താമസിച്ചുപോയാലോ സത്യത്തിന്റെ തൂണും അടിസ്ഥാനവുമായി ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു”. ദൈവസഭയെക്കുറിച്ചാണ് ഇവിടെ എഴുതിയിരിക്കുന്നത്, നിങ്ങൾ ജീവനുള്ള ദൈവത്തിന്റെ സഭയാണ്, നിങ്ങൾക്ക് സത്യത്തിന്റെ തൂണുകളുണ്ട്.

ആരാണ് സത്യം?. ഞാൻ തന്നെ സത്യം എന്ന് അരുളിചെയ്തവൻ ഈ ഗ്രഹത്തിന് ചില തൂണുകൾ കല്പിച്ചരുളിക്കൊടുത്തിട്ടുണ്ട്. അത് ഏതെല്ലാമാണ്?.എത്രയൊക്കെയാണ് എന്ന് പഴയ നിയമത്തിലും, പുതിയനിയമത്തിലുമുണ്ട്.

സദൃശ്യവാക്യങ്ങൾ 9 ന്റെ 1 ൽ “ജ്ഞാനമായവൾ തനിക്കു ഒരു വീടുപണിതു; അതിന്നു ഏഴു തൂൺ തീർത്തു”. ഇവിടെ 7 തൂണുകൾ കാണുന്നു. പുതിയ നിയമത്തിലേക്കു വരുമ്പോൾ… പ്രവൃത്തികൾ 2 ന്റെ 38 മുതൽ 42 വരെ “പത്രൊസ് അവരോടു: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും. വാഗ്ദത്തം നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും നമ്മുടെ ദൈവമായ കർത്താവു വിളിച്ചു വരുത്തുന്ന ദൂരസ്ഥന്മാരായ ഏവർക്കും ഉള്ളതല്ലോ എന്നു പറഞ്ഞു. മറ്റു പല വാക്കുകളാലും അവൻ സാക്ഷ്യംപറഞ്ഞു അവരെ പ്രബോധിപ്പിച്ചു; ഈ വക്രതയുള്ള തലമുറയിൽനിന്നു രക്ഷിക്കപ്പെടുവിൻ എന്നു പറഞ്ഞു. അവന്റെ വാക്കു കൈക്കൊണ്ടവർ സ്നാനം ഏറ്റു; അന്നു മൂവായിരത്തോളം പേർ അവരോടു ചേർന്നു. അവർ അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും അപ്പം നുറക്കിയും പ്രാർത്ഥന കഴിച്ചും പോന്നു”.
പത്രോസിന്റെ ഈ ആദ്യത്തെ പ്രസംഗത്തിൽ തന്നെ ഈ 7 തൂണുകളെക്കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്.

ഏതാണ് ഈ 7 തൂണുകൾ, എന്താണ് ഈ തൂണുകൾക്ക് പറ്റിയത് എന്ന് നമുക്ക് ചിന്തിക്കാം.

എന്താ നമ്മൾ ഇങ്ങനെ? എന്ന ചോദ്യത്തിന് മറുപടി കണ്ടെത്തുവാൻ ഈ തൂണുകൾക്ക് എവിടെയെങ്കിലും ബലഹീനത വന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ആവശ്യമുണ്ട്. എന്തെങ്കിലും കേടുപാടുകൾ വന്നിട്ടുണ്ടോ എന്ന് നാം പരിശോധിച്ചാൽ മതി. ഏഴുതൂണിൽ നിക്ഷിപ്തമായ ഏക ഗ്രഹമാണ് ദൈവഗ്രഹം എന്ന് ദൈവവചനം നമ്മെ പഠിപ്പിക്കുന്നു. ഇതിനോടും ഒന്നും കൂട്ടുകയോ, കുറയ്ക്കുകയോ ചെയ്യരുത് എന്ന് പ്രമാണത്തിൽ രേഖപ്പെടുത്തിയിരിക്കെ ഇന്ന് 5 തൂണുകലുള്ള സഭകളുണ്ട്, 8 തൂണുകളുള്ള സഭകളുമുണ്ട് എന്നത് ദൈവം അനുവദിച്ചാൽ പിന്നീട് ചിന്തിക്കാം. എന്നാൽ ഇപ്പോൾ നാം നിൽക്കുന്ന സഭയിൽ എന്ത് സംഭവിച്ചു എന്ന് നോക്കാം.

തൂണുകൾ
(1) മനസ്സാന്തരം.
(2) സ്നാനം.
(3) വേർപാട്.
(4) അപ്പോസ്തോലന്മാരുടെ ഉപദേശം.
(5) കൂട്ടായ്മ ആക്കരിക്കുക.
(6) അപ്പം നുറുക്കൽ
(7) പ്രാർത്ഥന. ഈ 7 തൂണുകളിൽ ഏതെങ്കിലും ഒന്നിന് ബലക്ഷയം വന്നിട്ടുണ്ടോ എന്ന് നാം പരിശോധിക്കേണം. 7 നും ക്ഷയം വന്ന അവസ്ഥയാണോ ഇന്ന്?. ഈ 7 തൂണുകളും ഇന്ന് നമ്മുടെ സഭകളിൽ ഉണ്ടോ എന്ന് പരിശോധിച്ചാൽ നമ്മുടെ വീഴ്ചകൾ കണ്ടെത്താൻ എളുപ്പമാകും.

എന്തുകൊണ്ടാണ് ദൈവഗ്രഹത്തിൽ ന്യായാവിധിയുടെ സമയമായെന്ന് ബൈബിൾ പറയുന്നത് എന്നതിന്റെ ചില വസ്തുതകളിലേക്കാണ് ഇന്നലെ നാം എത്തിച്ചേർന്നത്. ഇന്ന് നമ്മുടെ സഭകളിലേക്ക് നാം വെറുതെ ഒന്ന് നോക്കിയാൽ കാര്യങ്ങൾ ഈസിയായി മനസിലാക്കാവുന്നതേയുള്ളൂ.

ഈ ലേഖനത്തിന്റെ തുടർ വായനയിലേക്ക് നമുക്ക് ഒരുമിച്ച് പോകാം.

മാനസ്സാന്തരം, സ്നാനം, വേർപാട്, അപ്പോസ്ഥലന്മാരുടെ ഉപദേശം, കൂട്ടായ്മ ആചരിക്കൽ, അപ്പം നുറുക്കൽ, പ്രാർത്ഥന എന്നീ 7 തൂണുകൾ കർത്താവ് നമുക്ക് തന്നിട്ട് വർഷം 2000 കഴിഞ്ഞതിനാൽ, ഇതിന് എന്തെങ്കിലും ബലക്ഷയം നമ്മളാൽ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിച്ചാൽ കാര്യങ്ങൾ എളുപ്പം മനസ്സിലാകും.
മാനസന്തരമില്ലാത്തവരുടെ സ്നാനം വേർപാട് ജീവിതം ഇല്ലാതാക്കും, സഭകളിൽ ഇന്ന് ബൈബിൾ ക്ലാസ്സുകളില്ല. വചനം ഇല്ലായ്മയാൽ കൂട്ടായ്മ എന്നൊന്ന് ഇല്ലാതെയായി. പ്രാർത്ഥനയോഗം പേരിന് ഉള്ള സ്ഥലത്ത് പേരിന് രണ്ടോ, മൂന്നോ നാലോ ആളുകൾ മാത്രം. ഇത്‌ വാസ്തവം എങ്കിൽ തൂണുകൾക്ക് ബലക്ഷയം വന്നു എന്നതും ഉറപ്പല്ലേ?.

മാനസ്സാന്തരം എന്നത്, പഴയനിയമത്തിൽ ആരംഭിച്ച് പുതിയനിയമത്തിലൂടെ വന്ന്, ലേഖനങ്ങളിലൂടെ സഞ്ചരിച്ചു സഭയ്ക്ക് ഉറപ്പിച്ചു തന്നിരിക്കുന്ന ഒരു തൂണാണ്.
രണ്ടാമതായി സ്നാനം. ആരാണ് സ്നാനപ്പെടേണ്ടത്? എന്നത് വളരെ വിലയേറിയ വിഷയമാണ്. പൂർവ്വകാലങ്ങളിൽ നമ്മുടെ വിശ്വാസ പിതാക്കന്മാർ ഇങ്ങനെ പറയും, “ഞങ്ങൾ മരിക്കാത്ത ആരെയും കുഴിച്ചിടാറില്ല”. ഇന്ന് മരിക്കാത്ത അനേകം ശവ അടക്കുകൾ ഇന്ന് നമ്മുടെയിടയിൽ നടക്കാറുണ്ട് എന്നത് ഈ കാലഘട്ടത്തിലെ ചില സ്നാനങ്ങൾ പരിശോധിക്കുമ്പോൾ നമുക്കും വ്യക്തമാകും. വിവാഹപ്രായമടുക്കുമ്പോൾ, പ്രായമായവരുടെ കണ്ണടയുന്നതിന് മുൻപ് കൊച്ചുമക്കൾ സ്നാനപ്പെട്ട് കാണാനുള്ള പിതാക്കന്മാരുടെ കൊതി, മറ്റ് ചില ലഷ്യങ്ങളും, ആവശ്യങ്ങളും വരുമ്പോഴൊക്കെ സഭകളിൽ സ്നാനം നടക്കാറില്ലേ?.
മാനസ്സാന്തരവും, സ്നാനവുമുള്ളവർ വേർപാട് ജീവിതം നയിക്കാൻ ആഗ്രഹിക്കാത്തത് മറ്റൊരു കുറവാണ്. ഒരു ദൈവപൈതലിന്റെ പ്രവാസകാലം വളരെ ഭയത്തോടെ കഴിക്കണമെങ്കിൽ അവർക്ക് തീർച്ചയായും ഒരു വേർപാട് ജീവിതം ആവശ്യമാണ്.

1പത്രൊസ് 1 ന്റെ 17 ൽ “മുഖപക്ഷം കൂടാതെ ഓരോരുത്തന്റെ പ്രവൃത്തിക്കു തക്കവണ്ണം ന്യായം വിധിക്കുന്നവനെ നിങ്ങൾ പിതാവു എന്നു വിളിക്കുന്നു എങ്കിൽ നിങ്ങളുടെ പ്രവാസകാലം ഭയത്തോടെ കഴിപ്പിൻ”.
നാം ആരെയാണ് പിതാവേ എന്ന് വിളിച്ചു പ്രാർത്ഥിക്കുന്നത് ? അവൻ എങ്ങിനെയുള്ളവനാണ്? അവന്റെ സ്വരൂപം എന്താണ് ?. മുഖപക്ഷം ഇല്ലാത്ത കർത്താവാണ് നമ്മുടെ കർത്താവ് എന്നിരിക്കെ നമ്മുടെ പ്രവാസകാലം ഭയത്തോടെയാണോ നാം കഴിച്ചുകൊണ്ടിരിക്കുന്നത്?

വേർപാട് ജീവിതത്തിന്റെ കുറവിന് കാരണം ബൈബിൾ പഠനം ഇല്ല എന്നതല്ലേ ? സഭയിൽ പേരിന് ബൈബിൾ ക്ലാസ്സുകൾ ഉണ്ടായിരിക്കാം. പക്ഷെ, ബൈബിൾ പഠനം ഇല്ല. മൂപ്പന്മാർ, ഇടയന്മാർ ശുശ്രുഷകന്മാരെല്ലാം ഇന്ന് സഭകളിൽ പേരിന് മാത്രമായിത്തീർന്നു എന്നതും മറ്റൊരു വാസ്തവം.
നമുക്ക് അറിയാത്ത ഒരു കാര്യമാണ് എന്താണ് കൂട്ടായ്മ? എന്നുള്ളത്. ഇന്ന് പ്രദേശീക സഭകളിൽ കൂട്ടയ്മയ്ക്ക് തീരെ സ്ഥാനമില്ല. അതിനെക്കുറിച്ച് ഒരു നിശ്ചയവുമില്ലാത്തവർ ഇന്ന് അപ്പം നുറുക്കാൻ സഭകളിൽ കൂടിവരുന്നുണ്ട്. അതുകൊണ്ട് കൂട്ടായ്മ എന്ത് എന്ന് ഇന്ന് കൂടുതൽ പഠിപ്പിക്കേണ്ടിയിരിക്കുന്നു.

അതുപോലെ തന്നെ മറ്റൊരു തൂണാണ് അപ്പം നുറുക്കൽ ശുശ്രുഷ. നമ്മുടെ കൂടിവരവുകളിൽ ഈ വിഷയത്തിലും പലർക്കും തീരെ നിശ്ചയമില്ല എന്ന് സമ്മതിക്കേണ്ടതായിരിക്കുന്നു. വരുന്നു, അപ്പം മുറിക്കുന്നു, കടന്ന് പോകുന്നു എന്നല്ലാതെ, ഇത് എന്തിന് വേണ്ടി, ഇതിന്റെ ഉദ്ദേശം എന്ത് ? ഇത് ആര് പറഞ്ഞിട്ട് ? ഇതിന്റെ നേട്ടമെന്താണ് ?. ഇത്‌ അനുഷ്ഠിച്ചില്ലെങ്കിലുള്ള കുറവുകളെന്താണ്? എന്നൊന്നും മനസ്സിലാക്കാതെ ഒരു വരവും, ഒരു പോക്കും ഇതാണ് നമ്മുടെ മറ്റൊരു ബലക്ഷയം. ഏറ്റവും ഒടുവിൽ പ്രാർത്ഥനക്കായുള്ള നമ്മുടെ ശുഷ്കാന്തി. സഭയിൽ പ്രാർത്ഥനയുണ്ടോ എന്ന ചോദ്യത്തിന് ചിലപ്പോൾ മറുപടി ഉണ്ട് എന്നായിരിക്കാം. ഇതിൽ എത്രപേര് കൂടുന്നു എന്നതാണ് സഭയുടെ മറ്റൊരു തൂണിന്റെ ബലം. രണ്ടോ, മൂന്നോ പേര് പോരാ, എല്ലാവരും സഭയിൽ പ്രാർത്ഥനയിക്കായി കൂടണം. ഇങ്ങനെ സഭയുടെ എല്ലാ തൂണുകളും ബലപ്പെടുത്തേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്.

നമ്മൾ ക്രിസ്തു എന്ന തലയോളം വളരുവാൻ കർത്താവ് സഭയ്ക്ക് 5 തരം വേലക്കാരെ സഭയ്ക്ക് തന്നിട്ടുണ്ട്.
എഫെസ്യർ 4 ന്റെ 11 “അവൻ ചിലരെ അപ്പൊസ്തലന്മാരായും ചിലരെ പ്രവാചകന്മാരായും ചിലരെ സുവിശേഷകന്മാരായും ചിലരെ ഇടയന്മാരായും ഉപദേഷ്ടാക്കന്മാരായും നിയമിച്ചിരിക്കുന്നു”.
ഇതിൽ ഇടയന്മാരും, ഉപദേഷ്ടക്കന്മാരും ഒരേ കാറ്റഗറിയിൽ ഉള്ളവരാണ്. ഇവരുടെ സ്ഥാനം സഭയിൽ തുല്യമാണ്. ഇവരാണ് സഭയെ നടത്തുകയും, പഠിപ്പിക്കുകയും ചെയ്യേണ്ടത്. നമ്മുടെ സഭകളിൽ പ്രായമായവരും, കുഞ്ഞുങ്ങളുമുണ്ട്. പ്രായമായവരുടെ കാലം കഴിഞ്ഞാൽ സഭ നിശ്ചലമാകും എന്ന നിലയിലേക്കാണ് അനേകം പ്രാദേശീക സ്ഥലം സഭകളുടെയും പോക്ക്. ആകയാൽ വീടുകളിൽ വളരുന്ന നമ്മുടെ കുഞ്ഞുങ്ങൾ സഭയിൽ മൂപ്പന്മാരുടെയും, ശുശ്രുഷകന്മാരുടെയും ശിക്ഷണത്തിലും വളർന്നുവരുമ്പോൾ സഭയുടെ നെടുംതൂണുകളായി വരുവാനുള്ള ക്രമീകരണം കൂടെയുണ്ടാകണം.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More