കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

ഈ അനർത്ഥം ആര് നിമിത്തം?

ചിന്തകൾ യഥാർഥ്യങ്ങൾ

നമ്മുടെ ജീവിതത്തിൽ ചില അനർത്ഥങ്ങൾ വരും. പലപ്പോഴും നാം അതിൽ തകർന്ന് പോകാൻ സാധ്യതയുണ്ട്. എന്തുകൊണ്ട് എനിക്ക് ഈ അനർത്ഥം വന്നു എന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞാൽ തുടർ അനർത്ഥങ്ങൾ കുറയ്ക്കാൻ നമുക്ക് കഴിയും എന്ന ഒരു പാഠം യോനയുടെ ജീവിതത്തിൽ നിന്നും നമുക്ക് കാണാൻ കഴിയും. യോനായെപ്പോലെ വീണ്ടും മനസ്സ് കടുപ്പിച്ചാൽ നമ്മുടെ മേൽ ദൈവത്താൽ അയക്കപ്പെടുന്ന അനർത്ഥങ്ങൾ കുറയാതെ കൂടിക്കൊണ്ടിരിക്കും എന്നതും നമുക്കും തിരിച്ചറിയാൻ കഴിയണം.

യോനായുടെ പുസ്തകം 1ന്റെ 8 ൽ “അവർ അവനോടു: ആരുടെനിമിത്തം ഈ അനർത്ഥം നമ്മുടെമേൽ വന്നു എന്നു നീ പറഞ്ഞുതരേണം; നിന്റെ തൊഴിൽ എന്തു? നീ എവിടെനിന്നു വരുന്നു? നിന്റെ നാടു ഏതു? നീ ഏതു ജാതിക്കാരൻ? എന്നു ചോദിച്ചു”. വളരെ മാന്യമായി ജീവിക്കുന്ന ഒരുകൂട്ടം ആളുകൾ സഞ്ചരിക്കുന്ന ഒരുകപ്പലിൽ ജീവനുള്ള ദൈവത്തിന്റെ ഏകമകനായ യോനയുടെ മേൽ മാത്രമാണ് അനർത്ഥം വന്നത് എന്നുകൂടെ വായിക്കുമ്പോൾ മറ്റൊരു കാര്യം കൂടെ വ്യക്തം. ക്രിസ്തുവിശ്വാസിയായ മനുഷ്യൻ ഈ ഭൂമിയിൽ അനുഭവിക്കുന്ന കഷ്ടതകൾക്കും, പരിശോധനകൾക്കും വ്യക്തമായ ഒരു ദൈവീക പരിലാളനവുമുണ്ട്. ഈ വിഷയം ഒത്തിരി സുദീർഘമാകയാൽ വളരെ ചെറുതാക്കി എഴുതുവാൻ ആഗ്രഹിക്കുന്നു.

അന്ന് യോനായോടൊപ്പം കപ്പലിലുള്ളവർ എല്ലാവരും അവരവരുടെ ദൈവങ്ങൾ എന്ന് അവർ ഏറ്റെടുത്തിരിക്കുന്നവരോട് പ്രാർത്ഥിക്കുന്നവരായിരുന്നു എന്ന് വ്യക്തം. അതുകൊണ്ടാണ് കപ്പൽ അപകടത്തിലാകും എന്ന അവസ്ഥ വന്നപ്പോൾ അവർ അവരുടെ ദൈവങ്ങളോട് പ്രാർത്ഥിക്കാൻ തുടങ്ങിയത്. ഒരു പക്ഷെ, അവർ അവരവരുടെ കുറവുകളെ തന്നത്താൻ ശോധനചെയ്ത ശേഷം ഈ ആപത്തിൽ നിന്നും ഞങ്ങളെ രക്ഷിച്ചാൽ ഞങ്ങൾ ഇന്നിന്നത് താരമെന്ന ധാരാളം നേർച്ചകളും ചെയ്തിട്ടുണ്ടാകാം. എന്നിട്ടും യോനയെ കപ്പലിന്റെ അടിത്തട്ടിൽ നല്ല ഉറക്കമാണ്. അവിശ്വാസികൾ വന്ന് തട്ടി ഉണർത്തി ചോദിച്ച ചോദ്യവും അതിനുള്ള അവന്റെ മറുപടിയും ഒന്ന് ചേർത്ത് വായിച്ചു നോക്കുക.

ചോദ്യം :-
യോനാ 1 ന്റെ 8 ൽ “അവർ അവനോടു: ആരുടെനിമിത്തം ഈ അനർത്ഥം നമ്മുടെമേൽ വന്നു എന്നു നീ പറഞ്ഞുതരേണം; നിന്റെ തൊഴിൽ എന്തു? നീ എവിടെനിന്നു വരുന്നു? നിന്റെ നാടു ഏതു? നീ ഏതു ജാതിക്കാരൻ? എന്നു ചോദിച്ചു”.

മറുപടി :-
യോനാ 1 ന്റെ 9 ൽ “അതിന്നു അവൻ അവരോടു: ഞാൻ ഒരു എബ്രായൻ, കടലും കരയും ഉണ്ടാക്കിയ സ്വർഗ്ഗീയദൈവമായ യഹോവയെ ഞാൻ ഭജിച്ചുവരുന്നു എന്നു പറഞ്ഞു”.
ഇവിടെ നമ്മൾ ശ്രദ്ധിക്കാനുള്ള കാര്യം, ലോകത്തിലെ ആളുകളുടെ പേരുകൾ നോക്കി ശരാശരി ആളുകളുടെ മതം കണ്ടുപിടിക്കാൻ കഴിയും പക്ഷെ നമ്മുടെ ക്രിസ്തുവിശ്വാസികളായ നമ്മുടെ മതം കണ്ടുപിടിക്കാൻ വളരെ ബുദ്ധിമുട്ടാണ്. എന്തുകൊണ്ടെന്നാൽ നമ്മുടെ വിശ്വാസസമൂഹത്തിൽ മാത്രം കണ്ടുവരുന്ന ഒരു സവിശേഷത നമ്മൾ ജനിച്ചു വളർന്ന മതം വിവിധങ്ങൾ, മാതാനുസരണം ഇട്ട പേരുകൾ വിചിത്രങ്ങൾ, എന്നാൽ നമ്മുടെ ആരാധന യേശുകർത്താവിനോടും. പലപ്പോഴും ആളുകൾക്ക് ആശയക്കുഴപ്പം ഉണ്ടാകും. അതുകൊണ്ട് തന്നെ നാം ഒരു കാര്യം മനസ്സിലാക്കുക, നമ്മോട് ചോദിക്കുന്നവർക്ക് അറിയേണ്ടത് നമ്മൾ ആരാണ്❓ എന്നാണ്.

യോനാ എല്ലാം വിവരിച്ചു പറഞ്ഞു.

യോനാ 1 ന്റെ 5 ൽ “കപ്പൽക്കാർ ഭയപ്പെട്ടു ഓരോരുത്തൻ താന്താന്റെ ദേവനോടു നിലവിളിച്ചു; കപ്പലിന്നു ഭാരം കുറെക്കേണ്ടതിന്നു അവർ അതിലെ ചരക്കു സമുദ്രത്തിൽ എറിഞ്ഞുകളഞ്ഞു. യോനയോ കപ്പലിന്റെ അടിത്തട്ടിൽ ഇറങ്ങി കിടന്നു നല്ലവണ്ണം ഉറങ്ങുകയായിരുന്നു”. കപ്പലിലെ സാധാരണക്കാരന്റെ മുതലുകളെല്ലാം നശിച്ചു. അവർ ജീവന് വേണ്ടി മാത്രം കൊതിക്കുന്നതിനാൽ ചരക്കുകൾ കടലിൽ എറിഞ്ഞുകൊണ്ടാണ് പ്രാർത്ഥിക്കുന്നത്.

അപ്പോഴും മാനസന്തരമില്ലാതെ, പ്രാർത്ഥിക്കാതെ ഉറങ്ങാൻ കഴിയുന്ന യോനയോടു കപ്പൽപ്രമാണി പറഞ്ഞ കാര്യം ആറാം വാക്യത്തിൽ നാം വായിക്കുന്നത് ഇങ്ങനെയാണ്. *”…നീ ഉറങ്ങുന്നതു എന്തു? എഴുന്നേറ്റു നിന്റെ ദൈവത്തെ വിളിച്ചപേക്ഷിക്ക; നാം നശിച്ചുപോകാതിരിക്കേണ്ടതിന്നു ദൈവം പക്ഷേ നമ്മെ കടാക്ഷിക്കും എന്നു പറഞ്ഞു”.

ഇന്ന് വർഗ്ഗീയ വാദികൾ നമ്മുടെ വീടുകളിലും, സഭാഹാളുകളിലുമൊക്കെ വിഗ്രഹങ്ങൾ കൊണ്ടുവന്നു വച്ചിട്ട് നിർബന്ധ മതപരിവർത്തനവും, ആരാധനയും ചെയ്യിക്കാൻ ശ്രമിക്കുമ്പോൾ, അന്നത്തെ ഈ ജനം പറഞ്ഞത് ഈ അനർത്ഥം നമ്മുടെ മേൽ നിന്നും മാറുവാൻ നീ നിന്റെ ദൈവത്തെ വിളിച്ചപേക്ഷിക്ക എന്നാണ്.

ലോകമാം ഗംഭീര വാരിധിയിൽ ജീവിത നൗക ആടിയുലയുന്ന ഈ കാലഘട്ടത്തിൽ ഭാരതത്തിൽ ഇപ്പോൾ നമുക്ക് നമ്മുടെ ദൈവത്തെ ആരാധിക്കാനും, പ്രാർത്ഥിക്കാനും സമയം അനുവദിച്ചു കിട്ടിയിട്ടും നമ്മൾ ഉറങ്ങുന്നു എന്നത് ഏറെ ദുഃഖകരം.

ഇത്ര വലിയ അനർത്ഥങ്ങൾ വന്നിട്ടും ഹൃദയം കഠിനമാക്കി, മാനസ്സാന്തരപ്പെട്ട് പ്രാർത്ഥിക്കാൻ മനസ്സില്ലാത്ത യോനായോട് തന്നെ അവർ പോം വഴി തേടുന്നതാണ് 1 ന്റെ 11 ൽ നാം വായിക്കുന്നത്. “എന്നാൽ സമുദ്രം മേല്ക്കുമേൽ അധികം കോപിച്ചതുകൊണ്ടു അവർ അവനോടു: സമുദ്രം അടങ്ങുവാന്തക്കവണ്ണം ഞങ്ങൾ നിന്നോടു എന്തു ചെയ്യേണ്ടു എന്നു ചോദിച്ചു”.

1 ന്റെ 12 ൽ യോനാ പറയുന്ന മറുപടിയാണ് ഇന്നും നാം പറഞ്ഞുകൊണ്ടിരിക്കുന്നത് “…. എന്നെ എടുത്തു സമുദ്രത്തിൽ ഇട്ടുകളവിൻ; അപ്പോൾ സമുദ്രം അടങ്ങും; എന്റെ നിമിത്തം ഈ വലിയ കോൾ നിങ്ങൾക്കു തട്ടിയിരിക്കുന്നു എന്നു ഞാൻ അറിയുന്നു എന്നു പറഞ്ഞു”. കടലിൽ മുങ്ങിത്തഴുമ്പോഴും പാപങ്ങളെ ഏറ്റുപറയാൻ മനസ്സില്ലാതെ നിനവെക്കാരോട് വൈരാഗ്യം വെച്ചു നടക്കുന്ന യോനാ.

എന്തിനാണ് ഈ നിനവേക്കാരോട് യോനാ കോപ്പിച്ചത് ❓. ഇവർ യോനയോട് എന്തെങ്കിലും അന്യായം ചെയ്തിട്ടില്ല, അവർ അന്യായം ചെയ്തിട്ടുണ്ടെങ്കിൽ അത് ജീവനുള്ള ദൈവത്തോടാണ്. ആ ദൈവം നിനവേയിലുള്ളവരോട് ക്ഷമിക്കാൻ താല്പര്യം ഉള്ളവനാണ്. പക്ഷെ, യോനാ തയ്യാറല്ല.

ഈ അനർത്ഥം ആരുടെ നിമിത്തം എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി ദൈവത്തിന്റെ ഇഷ്ടം നിവർത്തിക്കാൻ മനസ്സില്ലാത്ത, സ്വയം വിശുദ്ധൻ എന്ന് വിലയിരുത്തുന്നവന്റെ നിമിത്തം മാത്രം. ഇന്നും ഇങ്ങനെ ധാരാളം ആളുകളുണ്ട്. ദൈവത്തിന്റെ ആലോചന കേട്ട് നിനവേയിലേക്ക് പോകാൻ മനസ്സില്ല, തന്നിഷ്ടം നടന്ന് കാണാൻ ഏതറ്റം വരേയും പോകും. എടുത്ത് കടലിൽ ഇട്ടാലും, വലിയ മത്സ്യം തിന്നാലും, കർത്താവ് നിനവേയിൽ എത്തിച്ചാലും അവിടെ കിടന്നും മരിക്കാൻ കൊതിക്കുന്നവർ. നിനവേയിലുള്ളവർ നശിച്ചു കാണാൻ കൊതിക്കുന്നവർ. നിനവെയിലുള്ളവരോട് ദൈവം ക്ഷമിച്ചാലും ക്ഷമിക്കാത്തവർ. നമ്മുടെ ഓരോരുത്തരുടെയും ക്രിസ്തീയ ജീവിതത്തിൽ അനർത്ഥങ്ങൾ വരുമ്പോൾ നിനവേയിൽ പോയി കൺവെൻഷൻ നടത്താൻ പറയുമ്പോൾ സകല അഴുക്കും ഉള്ളിൽ ഒതുക്കി തർശീശ് ലക്ഷ്യമാക്കി ഓടുന്നവർ. കൂട്ടുസഹോദരീ – സഹോദരന്മാരോട് കടം പെട്ടത് നിവർത്തിക്കാതെ, കപ്പൽ കുടുംബത്തിലുള്ളവർക്ക് പോലും നഷ്ടം വരുത്തിവെയ്ക്കുന്ന യോനയുടെ കയ്യിൽ ഇപ്പോൾ തോൾ സഞ്ചിയും അതിൽ ബൈബിളും ഉണ്ടാകാൻ സാധ്യതയില്ല. അതെല്ലാം ആ പഴയ കപ്പലിൽ തന്നെ കാണും. യോനാ ഇപ്പോൾ ബൈബിൾ ഇല്ലാത്ത ഉപദേശിയായി നിനവെയിലും.

ഈ അനർത്ഥം ആരുടെ നിമിത്തം, എന്റെ നിമിത്തം ആണോ എന്ന സ്വയപരിശോധനയ്ക്കു സ്വയം വിധേയരാകാൻ ഈ ലേഖനം നമ്മെ സഹായിക്കട്ടെ

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More