കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

 മോശയും യോസേഫിനെപ്പോലെ ഒറ്റപ്പെട്ടു 

ഷിബു കൊടുങ്ങല്ലൂർ

നാടിനും വീടിനും നല്ലത് മാത്രം ചെയ്ത യോസേഫും ഒറ്റപ്പെട്ടു. പിന്നീടുള്ള ഓരോ സ്റ്റെപ്പുകളിലും യോസേഫ് ആർക്കും വേണ്ടാത്തവനായി. സ്വന്തം മാതാപിതാക്കളുടേയും, സഹോദരീ സഹോദരന്മാരുടെയും, കൂടെപ്പിറപ്പുകളുടെയും കൂടെ ജീവിക്കേണ്ട താൻ ആദ്യം ജീവൻപോലും നഷ്ടമാകുന്ന അവസ്ഥയിൽ എത്തി.

സത്യസന്ധനായി, കർത്താവിന്റെ വചനം അനുസരിച്ചു മറ്റൊരു ദുരുദ്ദേശവുമില്ലാതെ സാധുവായി ജീവിച്ച ആർക്കെങ്കിലും തങ്ങളുടെ കൂടപ്പിറപ്പുകളിൽ നിന്ന് പോലും ഉപദ്രവം സഹിക്കേണ്ടിവന്നിട്ടുണ്ടെങ്കിൽ നമുക്ക് മുൻപിൽ യോസേഫ് ഒരു സമാധാനം ആയിരിക്കട്ടെ.

ഞങ്ങളുടെ ഒരു ലേഖനത്തിന്റെ അടിയിൽ ഒരാൾ ഒരു കമന്റ് എഴുതി “നമുക്ക് മാതൃക രൂബേനോ, യഹൂദയോ അല്ല, ക്രിസ്തുവാണ് ” എന്ന്. ഇങ്ങനെ ചിന്തിക്കുന്നവർ എബ്രായർ 12 ന്റെ 1 നിർബന്ധമായി വായിച്ചിരിക്കണം.
“ആകയാൽ നാമും സാക്ഷികളുടെ ഇത്ര വലിയോരു സമൂഹം നമുക്കു ചുറ്റും നില്ക്കുന്നതുകൊണ്ടു സകല ഭാരവും മുറുകെ പറ്റുന്ന പാപവും വിട്ടു നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക”.

Voice of Sathgamaya യുടെ ഒരു ലേഖനത്തിലും യേശുകർത്താവിന്റെ ഒപ്പം രൂബേനേയും, യഹൂദയെയും, യോസേഫിനെയും നിർത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. എന്തുകൊണ്ടെന്നാൽ ഏലിയാവ് പോലും നമുക്ക് സമ സ്വഭാവമുള്ള മനുഷ്യനാണെന്ന് ബൈബിൾ സാക്ഷികരിച്ചിട്ടുണ്ടല്ലോ.

ഞാനും നിങ്ങളും ചിന്തക്കേണ്ട ഒരു കാര്യം യോസേഫ് തന്റെ സ്വന്തം സഹോദരന്മാർക്കെതിരെ എന്ത് അന്യായം ചെയ്തിട്ടാണ് അവർ അവനെ പകച്ചത് ❓.

ഇന്ന് നമ്മൾ ആരെയെങ്കിലും പകയ്ക്കുന്നുണ്ട് എങ്കിൽ അതിന്റെ വ്യക്തമായ കാരണം നാം പറയണം. ആരോടും പക വെയ്ക്കുവാൻ കർത്താവ് അനുവദിക്കുന്നുമില്ല എന്നും കുറിക്കൊള്ളുക.

ഏതെങ്കിലും ഒരു ഉപദേശിയെയോ, പാസ്റ്ററെയോ, വിശ്വാസികളെയോ, നിങ്ങളിൽ ഏതെങ്കിലും ഒരാളെയോ ആരെങ്കിലും കൂടുതൽ സ്നേഹിക്കുന്നുണ്ടെങ്കിൽ, അദ്ദേഹത്തെ കൂടുതൽ മാനിക്കുന്നുണ്ടെങ്കിൽ അത് ആ മാനിക്കപ്പെടുന്ന സഹോദരന്റെ തെറ്റാണോ ❓. ആരെങ്കിലും ആർക്കെങ്കിലും നല്ല അങ്കി വാങ്ങിക്കൊടുത്താൽ അത് കിട്ടിയവൻ എന്ത് തെറ്റ് ചെയ്തു ❓. ദൈവവിഷയമായി ചിന്തിച്ചാൽ യോസേഫ് കണ്ട സ്വപ്നത്തിന്റെ ഉത്തരവാദി ദൈവമല്ലേ ❓. യോസേഫ് അല്ലല്ലോ❓. നമ്മിൽ ഏതെങ്കിലും ഒരു സഹോദരന് ദൈവം സ്വപ്നവും ദർശനവും, കൃപാവരങ്ങളും, മറ്റ് അറിവുകളും, കഴിവുകളും കൊടുത്തിട്ടുണ്ടെങ്കിൽ നാം എന്തിന് ആ സഹോദരനോട് പക കാണിക്കണം ❓.

നമ്മുടെ ഇടയിലെ ഏതെങ്കിലും ഒരു സഹോദരന് കൂടുതൽ ശുശ്രുഷകൾ കിട്ടുന്നുണ്ടെന്ന് കരുതുക, ഗൾഫിലേക്കും, മറ്റു വിദേശരാജ്യങ്ങളിലേക്കുമുള്ള സന്ദർശന വിസ കിട്ടാൻ സാദ്ധ്യതയുണ്ടെന്നും കരുതുക. അല്ല, അധികം താമസിയാതെ അദ്ദേഹം വിദേശയാത്ര ചെയ്യുമെന്നും കരുതുക, നമ്മൾ എന്തിനാണ് അത് മുടക്കാൻ ശ്രമിക്കുന്നത് ❓.

ഞാനോ നിങ്ങളോ ഒറ്റപ്പെടുമ്പോൾ, കുറ്റം സഹിക്കേണ്ടിവരുമ്പോൾ ഇയ്യോബിന്റെ സഹിഷ്ണുത മാത്രം ഓർത്താൽ പോരാ, നമുക്ക് മുൻപിലുള്ള സാക്ഷികളായ യോസേഫിന്റെ കഷ്ടതയും, സഹനവും, മോശയുടെ ഉയർച്ചയും താഴ്ചയും, വീഴ്ചയും, ദാവീദിന്റെ നന്മകളും, കുറവുകളുമൊക്കെ ശ്രദ്ധിക്കാൻ ആവശ്യമുണ്ട്. അതൊന്നും പുതിയ നിയമ വിശ്വാസികൾക്ക് വേണ്ട, പുതിയ നിയമത്തിൽ നമ്മുടെ മാതൃക ക്രിസ്തു മാത്രമാണ് എന്ന് ശഠിക്കരുത്. എന്തുകൊണ്ടെന്നാൽ….
1കൊരിന്ത്യർ 4 ന്റെ 16 ൽ “ആകയാൽ എന്റെ അനുകാരികൾ ആകുവിൻ എന്നു ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു”. എന്നും 1കൊരിന്ത്യർ 11 ന്റെ 1 ൽ “ഞാൻ ക്രിസ്തുവിന്റെ അനുകാരിയായിരിക്കുന്നതുപോലെ നിങ്ങളും എന്റെ അനുകാരികൾ ആകുവിൻ”. എന്നും പൗലോസ് പറയുമ്പോൾ നമുക്ക് മാതൃക കാണിച്ചു തന്ന കർത്താവിന്റെ ശിഷ്യന്മാരുടെ ജീവാവസാനം ഓർക്കുവാനും പ്രബോധനം ഉണ്ട്. എബ്രായർ 13 ന്റെ 7 ൽ “നിങ്ങളോടു ദൈവവചനം പ്രസംഗിച്ചു നിങ്ങളെ നടത്തിയവരെ ഓർത്തുകൊൾവിൻ; അവരുടെ ജീവാവസാനം ഓർത്തു അവരുടെ വിശ്വാസം അനുകരിപ്പിൻ”.

Voice Of Sathgamaya ഈ ലേഖനത്തിലൂടെ ഊന്നിപ്പറയാൻ ആഗ്രഹിക്കുന്നത് നമ്മെ നടത്തിയവരുടെ വിശ്വാസമാണ് അനുകരിക്കേണ്ടത്.

യോസേഫ് ദൈവത്തോടുള്ള തന്റെ വിശ്വസ്തത നിമിത്തം താൽക്കാലത്തേക്കാണ് ഒറ്റപ്പെട്ടതെന്ന് അവന്റെ ജീവാവസാനത്തിൽ നാം കണ്ടതാണല്ലോ ❓.

മോശ പേടിച്ചിട്ട് യിത്രോയുടെ അടുത്തേക്ക് ഓടി എത്തിയെങ്കിലും അവിടെ ചെന്ന്‌ ദൈവം അവന് ദർശനം കൊടുത്തില്ലേ ❓. അതുകൊണ്ട് നാം അറിയുക, മോശയും ഒറ്റപ്പെട്ടത് തൽക്കാലത്തേക്കാണ്. നാമും പലപ്പോഴും ഒറ്റപ്പെടാറുണ്ട്.

ഒരിക്കലും ചതിക്കാൻ യാതൊരു സാദ്ധ്യതയും പ്രതീക്ഷിക്കാത്ത യോസേഫ് തന്റെ സ്വന്തം സഹോദരന്മാരാൽ പീഡിപ്പിക്കപ്പെട്ടു. ക്രിസ്തുവിശ്വാസത്തിൽ മുന്നേറിവരുമ്പോൾ ക്രിസ്തു എന്ന ഏക പിതാവിന്റെ മക്കളായ സഹോദരന്മാരാൽ ഒറ്റപ്പെട്ട, ഒറ്റപ്പെടുത്തപ്പെട്ട പലരും ഞങ്ങളുടെ ഈ ലേഖനം വായിക്കുന്നുണ്ട് എന്ന് ഞങ്ങൾക്കറിയാം. സഹോദരാ, സഹോദരീ ഇത് താൽക്കാലത്തേക്കാണ്. യോസേഫ് നമുക്ക് മുൻപിൽ ഉണ്ട്, മോശയും കൂട്ടരുമുണ്ട്. ഈ ഒറ്റപ്പെടൽ പൊട്ടക്കുഴിയിലും, കാരാഗ്രഹത്തിലും ആസ്വദിച്ച യോസേഫ് നമുക്ക് മുൻപിൽ നിൽക്കട്ടെ. നമുക്ക് മാതൃക വെച്ചിട്ട് പോയ കർത്താവ്‌ അറിയാത്ത ഒന്നും നമ്മിൽ നടക്കുന്നില്ല എന്ന് ഉറച്ചു വിശ്വസിക്കാൻ ദൈവം നമ്മെ സഹായിക്കട്ടെ.

മോശ എന്തുകൊണ്ട് ഒറ്റപ്പെട്ടു എന്ന് കർത്താവ് അനുവദിച്ചാൽ നാളെ എഴുതാം, വായിക്കാം.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More