കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

യോസേഫിന്റെ സഹോദരന്മാർ അവനുമായി സല്ലാപിച്ചു

ഷിബു കൊടുങ്ങല്ലൂർ

VOICE OF SATHGAMAYA യുടെ ഇന്നത്തെ ലേഖനത്തിൽ എഴുതാൻ 2 വ്യത്യസ്ത കാര്യങ്ങളുണ്ട്.

(1) ഇന്നത്തെ ഒരു വിഷയം ഉല്പത്തി 45 ന്റെ 15 ൽ ഉള്ളതാണ്. “അവൻ സഹോദരന്മാരെ ഒക്കെയും ചുംബിച്ചു കെട്ടിപ്പിടിച്ചു കരഞ്ഞു; അതിന്റെ ശേഷം സഹോദരന്മാർ അവനുമായി സല്ലാപിച്ചു”.

ഇതിൽ തന്നെ ദൈവമക്കളായ നമ്മിൽ പണ്ട് ഉണ്ടായിരുന്നതും, ഇപ്പോൾ വളരെ കുറച്ചുമാത്രം കണ്ടുവരുന്ന 3 വ്യത്യസ്ത അവസ്ഥകൾ ഉണ്ട്. അതിൽ ഒന്ന് സഹോദരന്മാരെ ഒക്കെയും ചുംബിച്ചു. എന്നുള്ളതാണ്. ഒരുകാലത്ത് തന്നെ വളരെ ഉപദ്രവിച്ച, കൊല്ലാൻ കൊടുത്ത സഹോദരന്മാരെ വളരെ അവശനിലയിൽ, പരാജയത്തിന്റെ പടുകുഴിയിൽ, ദാരിദ്രത്തിന്റെ മൂർദ്ദന്യാവസ്ഥയിൽ, പട്ടിണിയുടെ പാരമ്യത്തിൽ കണ്ടപ്പോൾ, എല്ലാത്തിനെയും ഒറ്റക്ക് ഒറ്റക്കോ, കൂട്ടമായിട്ടോ ബന്ധിച്ചു അടിമയാക്കി ദണ്ഡിപ്പിക്കാൻ കിട്ടിയ സാഹചര്യത്തിൽ അവരെ കെട്ടിപ്പിടിച്ചു ചുംബിച്ചു.

രണ്ട് : കഴിഞ്ഞുപോയ കാലങ്ങളിലെ നൊമ്പരപ്പെടുത്തുന്ന അവസ്ഥകളെ അയവിറക്കാതെ, തങ്ങൾ മക്കൾ ഒന്നിച്ചായിരുന്നപ്പോഴത്തെ അവസ്ഥ ഓർത്തപ്പോൾ, ചെറിയ ഒരു പക വളർത്തി വളർത്തി വലുതാക്കി സഹോദരനെ നശിപ്പിച്ചവരുടെ ഇപ്പോഴത്തെ അവസ്ഥയിൽ ദൈവത്തിന്റെ പദ്ധതി തിരിച്ചറിഞ്ഞപ്പോൾ യോസേഫ് അവരെ കെട്ടിപ്പിടിച്ചു കരഞ്ഞു.

മൂന്ന് : ചുംബനവും, ആനന്ദത്തിന്റെ കരച്ചിലും കഴിഞ്ഞപ്പോൾ, ഇതിന്റെയൊക്കെ ശേഷം സഹോദരന്മാർ അവനുമായി സല്ലാപിച്ചു.

ഉല്പത്തി 45 ന്റെ 3 വായിക്കുമ്പോൾ “യോസേഫ് സഹോദരന്മാരോടു: ഞാൻ യോസേഫ് ആകുന്നു; എന്റെ അപ്പൻ ജീവനോടിരിക്കുന്നുവോ എന്നു പറഞ്ഞു. അവന്റെ സഹോദരന്മാർ അവന്റെ സന്നിധിയിൽ ഭ്രമിച്ചുപോയതുകൊണ്ടു അവനോടു ഉത്തരം പറവാൻ അവർക്കു കഴിഞ്ഞില്ല”. അല്പം മുൻപ് യോസേഫിന്റെ മുൻപിൽ ഭ്രമിച്ചുപോയവർ ഇപ്പോൾ യോസേഫിന്റെ മുൻപിൽ നിന്ന് സല്ലപിക്കുന്നു.

2022 ലെ ദൈവമാക്കളായ നമുക്ക് 2023 ലേക്ക് പ്രവേശിക്കാൻ കർത്താവ് അവസരം തന്നാൽ 2022 വരെ നമ്മുടെ ഇടയിൽ സംഭവിച്ച എല്ലാ കുറവുകളെയും മനഃപൂർവ്വം മറന്ന് പരസ്പരം കെട്ടിപ്പിടിക്കാനും, പരസ്പരം ചുംബിക്കുവാനും, ശത്രുപാളയത്തിൽ എന്നപോലെ ആയുധവുമായി നടന്നവർക്ക് സല്ലപിക്കുവാനും അവസരം ഉണ്ടാക്കുവാൻ നമുക്ക് കഴിയുമോ?. അതോ എന്നെ കൊന്നാലും ഞാൻ കൂട്ടുസഹോദരന്മാരായിരുന്ന, നമ്മെ പകച്ച, എന്നെ സമൂഹമദ്ധ്യേ കരിവാരി തേച്ച് നാണം കെടുത്തിയ സഹോദന്മാരോട്, സഹോദരിമാരോട് ക്ഷമിക്കുകയില്ല, പരസ്പരം സഹകരിക്കുവാൻ ഞാൻ അവസരം കൊടുക്കുകയില്ല എന്ന കഠിന ഹൃദയം ഉള്ളവരായി തുടരുമോ?.

(2)
ഉല്പത്തി 45 ന്റെ 24 ൽ “അങ്ങനെ അവൻ തന്റെ സഹോദരന്മാരെ യാത്ര അയച്ചു; അവർ പുറപ്പെടുമ്പോൾ: നിങ്ങൾ വഴിയിൽവെച്ചു ശണ്ഠകൂടരുതെന്നു അവരോടു പറഞ്ഞു”. പട്ടിണിയിൽ ആയിരുന്നപ്പോൾ ഇവരിൽ ശണ്ഠയുണ്ടായിരുന്നില്ല. ഇപ്പോൾ പിന്നെ പുതിയ ശണ്ഠയുണ്ടാകാൻ എന്തെങ്കിലും കാരണം ഉണ്ടോ?. ഉണ്ട്.

അന്ന്, അന്ന് നിങ്ങൾ അവനെ കൊന്നിരുന്നെങ്കിൽ ഇന്ന് നിങ്ങൾ എന്ത് തിന്നുമായിരുന്നു എന്ന് രൂബേനും, യെഹൂദായും ചോദിക്കാതെ ഇരിക്കുമോ ?.

അന്ന് നടന്നതൊന്നും യോസേഫ് ചോദിച്ചില്ല, പക്ഷെ, നമ്മിൽ പലരും അന്ന് മുതൽ ഇന്നുവരെ നടന്നത് തക്കം കിട്ടുമ്പോൾ പക വീട്ടുവാൻ സഹോദരന്മാരുടെ ചെയ്തികൾ ഗവണ്മെന്റ് ഓഫീസുകളിലെ ഫയലുകൾ പോലെ ഫയൽ ചെയ്ത് വെച്ചിരിക്കുകയാണ്. ആവശ്യം വരുമ്പോൾ പൊടി തട്ടിഎടുക്കുവാൻ. പലതിന്റെയും ഒർജിനൽ കോപ്പികൾ ചിതലെടുത്തു പോയെങ്കിലും തപ്പിപ്പിടിച്ചു ഫോട്ടോസ്റ്റാറ്റ് എടുക്കാൻ ഓടി നടക്കുകയാണ്. നീയല്ലേ, നിങ്ങളല്ലേ അവനെ പൊട്ടക്കുഴിയിൽ ഇട്ടത് എന്ന ചോദ്യവുമായി.

യോസേഫ് വീണ്ടും, വീണ്ടും പറയുന്നു, സഹോദരന്മാരെ, ഇപ്പോൾ സല്ലപിച്ചു ചിരിക്കുന്ന നിങ്ങൾ എന്റെ മുന്നിൽ നിന്നും പോയിട്ട് ശണ്ഠകൂടരുതേ….. . നിങ്ങൾ അല്ല, നിങ്ങൾക്ക് വലിയ രക്ഷയുണ്ടാകുവാൻ ദൈവം ആണ് എന്നെ ഇവിടെ അയച്ചത്. അതുകൊണ്ട് ഈ പേരിൽ, എന്റെ പേരിൽ നിങ്ങൾ ശണ്ഠകൂടരുത്.

സത്യവേദപുസ്തകം വിശ്വസിക്കുന്ന, വിശ്വസിപ്പിക്കാൻ ശ്രമിക്കുന്ന, വായിക്കുന്ന, വായിപ്പിക്കുന്ന, പഠിക്കുന്ന, പഠിപ്പിക്കുന്ന നമ്മുടെ ഇപ്പോഴത്തെ ശണ്ഠ ആരെ പ്രതിയാണ്? നമ്മുടെ ഇടയിലെ ഗ്രൂപ്പിസം എന്തിനെപ്രതിയാണ്? നമ്മുടെ ഈ നിസ്സഹഹരണത്തിന്റെ കാരണം എന്താണ്?  നമ്മുടെ ക്ഷമിക്കാൻ മനസ്സില്ലാത്തതിന്റെ യഥാർത്ഥ കാരണം ആർക്ക് വേണ്ടിയാണ്? ചിന്തിക്കാൻ നമുക്ക് അവസരം എടുക്കാം എന്ന ആഗ്രഹത്തോടെ നിങ്ങളുടെ ഒരു കൂട്ടുസഹാദരൻ

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More