കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

അരിച്ചെടുക്കേണ്ടത് അരിച്ചെടുക്കാതെ ചുമ്മാ അരിച്ചുകൊണ്ടിരിക്കുന്നവർ

ഷിബു കൊടുങ്ങല്ലൂർ

ഒരു വല്ലാത്ത കാലത്തിലാണ് നമ്മൾ ജീവിക്കുന്നത്, നാട് ഓടുമ്പോൾ നടുവേ ഓടി നടു ഒടിഞ്ഞ അവസ്ഥയിലാണ് നമ്മൾ. VOICE OF SATHGAMAYA യുടെ ലേഖനം വായിക്കുന്നവരിൽ ചുരുക്കം ചിലരെങ്കിലും കൂർത്ത കഠാരയുമായിട്ടാണ് നിൽക്കുന്നത് എന്നെനിക്കറിയാം. ഇവനെ ഇങ്ങനെ വിട്ടാൽ പറ്റൂല, എങ്ങിനെയും ഇവനെ ഒതുക്കണം. ഒതുക്കാൻ നോക്കി ഒതുങ്ങി നിൽക്കുന്നവരെക്കാണുമ്പോൾ സഹതാപം തോന്നുന്നു.

എന്റെ പരിചയത്തിലുള്ള എന്റെ സമകാലീനനായ ഒരു പഴയ ഉപദേശി കടുത്ത വിമർശകനായിരുന്നു. കഠിന തീരുമാനത്തിന്റെ ഉടമ. ഇത്രയും അരുത് എന്ന് ഒത്തിരിപ്പേര് പറഞ്ഞു നോക്കി. ചുട്ടക്ക് വാശി വിട്ടില്ല. ദൈവവചനത്തെ കൃത്യമായി അരിച്ചു പെറുക്കി ഉപദേശിക്കുകയാണ് എന്നാണ് തന്റെ മനോഭാവം. താൻ അല്ലാത്തവർ ആരും ശരിയല്ല, തന്നെപ്പോലെ ശരി ചെയ്യുന്നവർ ആരുമില്ല. എന്ന് വേണ്ട ഭയങ്കര കൃത്യനിഷ്ഠ. ഒടുവിൽ താൻ തോറ്റത് മക്കളുടെ മുൻപിൽ ആണ്. തനിക്കുണ്ടായ ഒരൊറ്റ മക്കളും തന്റെ വഴിയെ വന്നില്ല, അപ്പന്റെ ഉപദേശത്തിലെ കൃത്യനിഷ്ഠകൾക്ക് എതിരെയായിരുന്നു അവരുടെ ഓരോ പ്രവൃത്തികളും. അപ്പൻ എന്തിനോടൊക്കെ എതിർ നിന്നുവോ അതിനെയൊക്കെ മക്കൾ ചേർത്ത് പിടിക്കാൻ തുടങ്ങി. വിശുദ്ധിയിൽ ജീവിക്കാൻ കൊതിച്ച ഇയാളുടെ മക്കളെല്ലാം ആശുദ്ധിയിൽ ആറാടാൻ തുടങ്ങി. ആരോടൊക്കെ സഹകരിക്കാതെ മാറി നിന്നുവോ, അവരോടൊക്കെ മക്കൾ ചങ്ങാത്തം കൂടി. ഒടുവിൽ താൻ അതും തിരിച്ചറിഞ്ഞു, തന്റെ ഭാര്യ പോലും തന്റെ അനുകൂലമാല്ലായിരുന്നു. അവസരം കിട്ടിയപ്പോൾ മറുപക്ഷം ചാടാൻ അവൾ മക്കൾക്ക്‌ മുന്നിൽ നിന്നു.

ഈ ലേഖനം വായിക്കാൻ ഇന്ന് ഏലി പുരോഹിതൻ ഉണ്ടായിരുന്നു എങ്കിൽ, അയാൾ പറയും, ഇത് എന്നെക്കുറിച്ചാണ്, എന്നേക്കുറച്ചു മാത്രമാണ് ഇവൻ എഴുതിയത് എന്ന്. അതിന് അവൻ തെളിവ് നിരത്താൽ ബൈബിളിലെ 1ശമൂവേൽ 3 ന്റെ 13 പൊക്കിക്കൊണ്ട് വരും. “അവന്റെ പുത്രന്മാർ ദൈവദൂഷണം പറയുന്ന അകൃത്യം അവൻ അറിഞ്ഞിട്ടും അവരെ ശാസിച്ചമർത്തായ്കകൊണ്ടു ഞാൻ അവന്റെ ഭവനത്തിന്നു എന്നേക്കും ശിക്ഷവിധിക്കും എന്നു ഞാൻ അവനോടു കല്പിച്ചിരിക്കുന്നു.”

ഇത് ശമൂവേൽ പ്രവാചകനാണ് വായിക്കുന്നതെങ്കിൽ അദ്ദേഹം പറയും ഇത് എന്നെക്കുറിച്ചാണ്, എന്നെക്കുറിച്ച് മാത്രമാണ്. അതിന് അവനുള്ള തെളിവ് 1ശമൂവേൽ 8 ന്റെ 3,4,5 വാക്യങ്ങൾ അല്ലേ? (ശമുവേലിന്റെ) “അവന്റെ പുത്രന്മാർ അവന്റെ വഴിയിൽ നടക്കാതെ ദുരാഗ്രഹികളായി കൈക്കൂലി വാങ്ങി ന്യായം മറിച്ചുവന്നു. ആകയാൽ യിസ്രായേൽമൂപ്പന്മാർ എല്ലാവരും ഒന്നിച്ചുകൂടി, രാമയിൽ ശമൂവേലിന്റെ അടുക്കൽ വന്നു, അവനോടു: നീ വൃദ്ധനായിരിക്കുന്നു; നിന്റെ പുത്രന്മാർ നിന്റെ വഴിയിൽ നടക്കുന്നില്ല; ആകയാൽ സകലജാതികൾക്കുമുള്ളതുപോലെ ഞങ്ങളെ ഭരിക്കേണ്ടതിന്നു ഞങ്ങൾക്കു ഒരു രാജാവിനെ നിയമിച്ചുതരേണമെന്നു പറഞ്ഞു.” ഇത് അവൻ വായിച്ചിട്ടുള്ളതുകൊണ്ടാണ് എന്നെപ്പറ്റി എഴുതിയത്.

മേൽ കാണുന്ന ഭാഗം വായിക്കാൻ ഇന്ന് ഇസ്രായേലിന്റെ ആദ്യത്തെ രാജാവ് ശൌൽ ഉണ്ടായിരുന്നുവെങ്കിൽ അവൻ പറയും, ഇത് ഇയാൾ എന്നെക്കുറിച്ചാണ് പറഞ്ഞത് എന്ന്. എന്റെ മകൻ യോനാഥാന് ദാവീദിനോട് അത്ര പ്രിയം ആയിരുന്നുവല്ലോ ❓.
മാത്രമല്ല, ആശയപരമായി ശൌലും യോനാഥാനും തമ്മിൽ യോജിപ്പായിരുന്നില്ലല്ലോ❓.
1ശമൂവേൽ 14 ന്റെ 45 ൽ “എന്നാൽ ജനം ശൌലിനോടു: യിസ്രായേലിൽ ഈ മഹാരക്ഷ പ്രവർത്തിച്ചിരിക്കുന്ന യോനാഥാൻ മരിക്കേണമോ? ഒരിക്കലും അരുതു; യഹോവയാണ, അവന്റെ തലയിലെ ഒരു രോമവും നിലത്തു വീഴുകയില്ല; അവൻ ഇന്നു ദൈവത്തോടുകൂടെയല്ലോ പ്രവർത്തിച്ചിരിക്കുന്നതു എന്നു പറഞ്ഞു. അങ്ങനെ ജനം യോനാഥാനെ വീണ്ടെടുത്തു; അവൻ മരിക്കേണ്ടിവന്നതുമില്ല.” തിടുക്കവും, കടുംപിടുത്തവുമുള്ള അപ്പന്റെ മകന്റെ ജീവനെ പൊതുജനം ആണ് രക്ഷിച്ചെടുത്തത് എന്ന് പറയുമ്പോൾ തന്നെ അറിയാമല്ലോ ഈ അപ്പന്റെ സ്വഭാവം.

ഈ ലേഖനം ദാവീദ് ആണ് വായിക്കുന്നതെങ്കിൽ അദ്ദേഹത്തിന്റെ മനോഭാവം വേറെ ആയിരിക്കും. അവന്റെ മകൻ അബ്ശലോം അല്പം വശപ്പിശക് ആയിരുന്നുവെങ്കിലും ഒടുവിൽ ദാവീദ് തന്നെയാണ് രാജസ്ഥാനത്തു സ്ഥിരമായത് അതുകൊണ്ട് ദാവീദ് പറയും, ഇത് എന്നെക്കുറിച്ചല്ല എന്ന്. മാത്രമല്ല
അപ്പോസ്തല പ്രവൃത്തികൾ 13 ന്റെ 22 ൽ ശൌലിനെ നീക്കീട്ടാണ് ദാവീദിനെ രാജാവായി വാഴിച്ചത്. അതിന് കാരണം ദൈവം പറഞ്ഞത് “ഞാൻ യിശ്ശായിയുടെ മകനായ ദാവീദിനെ എനിക്കു ബോധിച്ച പുരുഷനായി കണ്ടു; അവൻ എന്റെ ഹിതം എല്ലാം ചെയ്യും എന്നു അവനെക്കുറിച്ചു സാക്ഷ്യം പറഞ്ഞു”. എന്നാണ്.

ആകയാൽ ദൈവമക്കളേ, മത്തായി 23 ന്റെ 23,24 ഒന്ന് വായിച്ചുനോക്കു….
“കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ തുളസി, ചതകുപ്പ, ജീരകം ഇവയിൽ പതാരം കൊടുക്കയും ന്യായം, കരുണ, വിശ്വസ്തത ഇങ്ങനെ ന്യായപ്രമാണത്തിൽ ഘനമേറിയവ ത്യജിച്ചുകളകയും ചെയ്യുന്നു. അതു ചെയ്കയും ഇതു ത്യജിക്കാതിരിക്കയും വേണം. കുരുടന്മാരായ വഴികാട്ടികളേ, നിങ്ങൾ കൊതുകിനെ അരിച്ചെടുക്കയും ഒട്ടകത്തെ വിഴുങ്ങിക്കളകയും ചെയ്യുന്നു.” എന്ന വാക്യങ്ങളും താഴെയുള്ള വാക്യങ്ങളും വായിക്കുക.

ഇന്ന് നമ്മൾ കൊതുകിനെ അരിച്ചെടുക്കുന്നവരും ഒട്ടകത്തെ കഷ്ടപ്പെട്ട് വിഴുങ്ങിക്കളകയും ചെയ്യുന്നവരാണ്. ഈ പണി നിർത്തുക. ദൈവം ദഹിപ്പിക്കുന്ന അഗ്നിയാണ് എന്ന് മറക്കരുത്.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More